ആൽബെർട്ടയിൽ 14 ഭരണപക്ഷ എം.എൽ.എമാർക്ക് എതിരെ റീക്കോൾ പെറ്റീഷനുകൾ. റീകോൾ ഭീഷണി നേരിടുന്നവരിൽ പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ കോക്കസിലെ അംഗങ്ങൾ വരെയുണ്ട്. പ്രവിശ്യയിൽ ആദ്യമായാണ് 'റീക്കോൾ ആക്റ്റ്' ഇത്രയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. പ്രവിശ്യാ സർക്കാരിനെ സംബന്ധിച്ച് ഇത് വലിയൊരു പ്രതിസന്ധിയായാണ് വിലയിരുത്തപ്പെടുന്നത്.
ജനങ്ങളെ ശാക്തീകരിക്കുന്നതിനും രാഷ്ട്രീയ നേതാക്കൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മുൻ യു.സി.പി. പ്രീമിയർ ജേസൺ കെന്നിയുടെ കാലത്ത് റീക്കോൾ ആക്റ്റ് കൊണ്ടുവന്നത്. ഈ നിയമപ്രകാരം, ഒരു എം.എൽ.എയെ സ്ഥാനത്ത് നിന്ന് നീക്കണമെങ്കിൽ, അതിൻ്റെ കാരണം 100 വാക്കുകളിൽ താഴെ വിശദീകരിച്ച് അപേക്ഷ സമർപ്പിക്കണം. അപേക്ഷകൻ മണ്ഡലത്തിലെ താമസക്കാരനായിരിക്കണം. കൂടാതെ $500 പ്രോസസ്സിംഗ് ഫീസും നൽകണം. കാരണങ്ങൾ എന്തായിരിക്കണം എന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ നിയമത്തിൽ നിശ്ചയിച്ചിട്ടില്ല.
പെറ്റീഷൻ അംഗീകരിച്ചാൽ, 90 ദിവസത്തിനകം മണ്ഡലത്തിലെ ജനങ്ങളിൽ നിന്ന് ആവശ്യമായ ഒപ്പുകൾ ശേഖരിക്കണം. മുൻ തിരഞ്ഞെടുപ്പിൽ ആ മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകളുടെ 60 ശതമാനത്തിന് തുല്യമായ ഒപ്പുകളാണ് ഇതിനായി വേണ്ടത്. ആവശ്യത്തിന് ഒപ്പുകൾ ഉറപ്പാക്കിയാൽ, നാല് മാസത്തിനകം ഒരു റീക്കോൾ വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പിൽ പകുതിയിലധികം വോട്ടർമാർ റീക്കോളിനെ പിന്തുണച്ചാൽ, എം.എൽ.എയെ സ്ഥാനത്തുനിന്ന് നീക്കുകയും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്യും. അധ്യാപക സമരം അവസാനിപ്പിക്കാൻ സർക്കാർ 'നോട് വിത്ത്സ്റ്റാൻഡിംഗ് ക്ലോസ്' ഉപയോഗിച്ചതിനെ യു.സി.പി. എം.എൽ.എമാർ പിന്തുണച്ചതിൽ പ്രതിഷേധിച്ചാണ് ചില അപേക്ഷകർ റീക്കോൾ ആവശ്യപ്പെട്ടിരിക്കുന്നത്. റീക്കോൾ നേരിടുന്നവരിൽ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർമാരും ഉൾപ്പെടുന്നുണ്ട്.